Trending

കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു


കണ്ണൂർ: കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ ഹരിത്താണ് (5) മരിച്ചത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തു വെച്ചായിരുന്നു ഹരിത്തിന് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ വലതു കണ്ണിനും ഇടതു കാലിലുമാണ് കടിയേറ്റത്. സാരമായ പരുക്കുകളോടെ കുട്ടിയെ ആദ്യം കണ്ണൂരിലെ ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നായയുടെ കടിയേറ്റപ്പോൾ തന്നെ വാക്സിനേഷൻ എടുക്കുകയും ചെയ്തിരുന്നു. 

പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരത്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഞ്ച് വയസ്സുകാരൻ ജീവൻ നിലനിർത്തികൊണ്ടിരുന്നത്. അതിനിടെയാണ് ശനിയാഴ്ച മരണം സ്ഥിരീകരിക്കുന്നത്. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷബാധയേൽക്കാൻ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. 

കണ്ണൂർ ജില്ലയിൽ തെരുവ് നായയുടെ കടിയേൽക്കുന്നത് പതിവാകുകയാണ്. ഗുരുതര സാഹചര്യം മുൻനിർത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ നേരത്തെ സർവകക്ഷിയോഗം ചേർന്നിരുന്നു. പടിയൂരിലെ എ.ബി.സി കേന്ദ്രത്തിന് കീഴിലുള്ള പരിശീലനം നേടിയ നായപിടിത്തക്കാരെ നിയോഗിച്ച് ഒരാഴ്‌ചയ്ക്കകം മുഴുവൻ തെരുവുനായകളെയും പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ അരുൺ.കെ വിജയനാണ് ഏകോപന ചുമതല.

Post a Comment

Previous Post Next Post