മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തി രണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാലു ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഇവരുടെ രണ്ട് മക്കളെ പനിയെ തുടർന്ന് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ പൂച്ച കഴിഞ്ഞ ദിവസം ചത്തിരുന്നു. പൂച്ചയുടെ ജഡവും പരിശോധനക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് നിപ സ്ഥിരീകരിച്ച് ഫലം വന്നത്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാലക്കാട്ടുള്ള ആരോഗ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചു.
ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടുപേർ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ചിരുന്നു. വണ്ടൂരിലും പാണ്ടിക്കാടുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിപ നിയന്ത്രണവിധേയമാക്കാമെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്.