ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെ തിരിച്ചടിക്കാൻ ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് തകർത്ത് ഇന്ത്യ. രണ്ട് ജെ.എഫ് 17 യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്. ജമ്മുവിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ബ്ലാക്ക്ഔട്ടാണ്. തിരിച്ചടിക്കാൻ തയ്യാറായി ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ധരംശാലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുന്ന ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ പാക് പ്രകോപനത്തെ തുടർന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി. കാണികള്‍ ഉടൻ സ്റ്റേഡിയം വിട്ടുപോകണമെന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉദ്ദംപൂരിൽ നടന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പൂഞ്ചിലേക്ക് പാകിസ്താൻ അയച്ച 2 കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് 8 മിസൈലുകളാണ് പാകിസ്താൻ തൊടുത്തുവിട്ടത്.
ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നിഷ്പ്രഭമാക്കിയത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാകിസ്താൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു. ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാൻ്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.