ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. പഞ്ചാബിൽ രൂപം കൊണ്ട കാറ്റ് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ചു. കനത്തകാറ്റിലും മഴയിലും ഗാസിയാബാദിലെ എസിപി ഓഫീസിന്റ മേൽക്കൂര തകർന്നുവീണ് പൊലീസ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചതായി റൂറൽ ഡിസിപി സുരേന്ദ്രനാഥ് ത്രിപാടി അറിയിച്ചു.
മണിക്കൂറിൽ 80 കിലോമീറ്ററിലേറെ വേഗത്തിൽ അടിച്ച കാറ്റിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവളത്തിലെ 100 ലേറെ സർവീസുകൾ അടക്കം, 4 സംസ്ഥാനങ്ങളിലായി 200 ഓളം വിമാന സർവീസുകളെ മഴയും കൊടുങ്കാറ്റും ബാധിച്ചു. ശനിയാഴ്ച 11.30 മുതൽ ഇന്ന് വൈകീട്ട് 4 മണിവരെ 49 സർവീസുകൾ വഴിതിരിച്ചു വിട്ടതായി എയർപ്പോർട്ട് അതോറിറ്റി അറിയിച്ചു. കനത്ത മഴയിൽ ഡൽഹി ഐടിഒ, മിന്റോ റോഡ് തുടങ്ങിയ ഇടങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് വാഹന ഗതാഗതത്തെ ബാധിച്ചു. സഫ് ദർജംഗിൽ മാത്രം 5 മണിക്കൂറിനിടെ 81.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.