Trending

സാമൂഹിക പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു


മലപ്പുറം: വീൽചെയറിൽ ഇരുന്ന് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ.വി റാബിയ (59) അന്തരിച്ചു. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തിൽ മിടുക്കിയായിരുന്നു. ഹൈസ്കൂളിലെത്തിയപ്പോൾ രോഗം മൂർഛിച്ചു. 14-ാം വയസ്സിൽ കാലുകൾ നിശ്ചലമായി. തളർന്നിരിക്കാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടർന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായി യാത്ര. എസ്എസ്എൽസി കഴിഞ്ഞപ്പോൾ വൈകല്യം വകവയ്ക്കാതെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നു. പക്ഷേ, പ്രീഡിഗ്രി പൂർത്തിയാക്കാനായില്ല. പിന്നീട് വീട്ടിലിരുന്നായിരുന്നു പഠനം.

കഥകൾക്കും കവിതകൾക്കും ഒപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങൾ നേടി. വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കാനും തുടങ്ങി. സമ്പൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 1990 ജൂണിൽ തന്റെ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരർക്കായി ഒരു ക്യാമ്പയിൻ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേർ ക്ലാസിനെത്തിയിരുന്നു. ജോലി ശാരീരികാവസ്ഥയെ വഷളാക്കിയെങ്കിലും പ്രവർത്തനങ്ങളുമായി മുന്നേറി. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകൾക്കായി ചെറുകിട ഉൽപ്പാദന യൂണിറ്റ്. വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവയും റാബിയയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചലനം സംഘടനയുണ്ടാക്കി. 

അറിവ് പകർന്ന് റാബിയ മുന്നേറിയെങ്കിലും വെല്ലുവിളികൾ ഏറെയായിരുന്നു. 2000ൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കിടക്കുമ്പോഴും റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ 'നിശബ്ദ നൊമ്പരങ്ങൾ' പുസ്‌തകം പൂർത്തിയാക്കി. ആത്മകഥ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻറർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി ഇരുപതോളം അവാർഡും നേടിയിട്ടുണ്ട്. 

Post a Comment

Previous Post Next Post