വടകര: വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു.
രജീഷ് ഉൾപ്പെടെ 6 തൊഴിലാളികളാണ് കിണർ പണിക്കായി ഉണ്ടായിരുന്നത്. കിണറിനുള്ളിൽ രജീഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണു (52)നെ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മാഹി അഗ്നിരക്ഷാസേന ചോമ്പാല പൊലീസും ചേർന്ന് മണ്ണുനീക്കി രജീഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.