കൊല്ലം: കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളും മുൻ നായകനുമായ എ.നജിമുദ്ദീൻ (72) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.1953-ല്‍ കൊല്ലം തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 2009-ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. ഭാര്യ: നസീം ബീഗം. മക്കൾ: സോഫിയ, സുമയ്യ, സാദിയ.
1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയതിനു പിന്നിലെ ശിൽപികളിൽ ഒരാളാണ്. എട്ടു വര്‍ഷത്തോളം കേരളത്തിനും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനും ബൂട്ടുകെട്ടി. 1972-ല്‍ കേരള യൂനിവേഴ്‌സിറ്റി താരമായി കളിച്ചതോടെയാണ് കരിയർ മാറുന്നത്. 73-ല്‍ ടൈറ്റാനിയത്തിനായി കളിക്കാനിറങ്ങി. 1973-ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19കാരനായിരുന്നു.1981 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു.
1975-ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി രാജ അവാര്‍ഡും സ്വന്തമാക്കി.1979-ലാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്.1977-ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരെയായിരുന്നു ദേശീയ ജഴ്സിയിൽ പന്തുതട്ടിയത്.