പേരാമ്പ്ര: പേരാമ്പ്രയിൽ കല്ല്യാണ വീട് കുത്തിത്തുറന്ന് മോഷണം. വിവാഹത്തിന് പങ്കെടുത്തവർ ക്യാഷ് കവറുകൾ നിക്ഷേപിക്കുന്ന പണപ്പെട്ടി ഉൾപ്പെടെയാണ് മോഷണം പോയത്. പേരാമ്പ്ര പൈതോത്ത് കോർത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം നടന്ന മകളുടെ വിവാഹ സൽക്കാരത്തിന് ശേഷമാണ് സംഭവം.
വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ് സ്ഥലം പരിശോധിച്ചു. ലക്ഷക്കണക്കിന് രൂപ പെട്ടിയിലുണ്ടാവാൻ സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിയാതായിരുന്നു. ഇന്നലെ രാത്രിയിൽ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
സ്ഥലം സന്ദർശിച്ച പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാർ, വാർഡ് മെമ്പർ കെ.പി സജീഷ് തുടങ്ങിയവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു.