ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് കോഹ്ലിയുടെ വിരമക്കൽ പ്രഖ്യാപനം. സഹതാരവും ഇന്ത്യൻ ക്യാപ്റ്റനുമായ രോഹിത് ശർമ്മ ടെസ്റ്റ് ഫോർമാറ്റിനോട് വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് 37 കാരനായ കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ബാഗി ബ്ളൂ ക്യാപ്പ് അണിഞ്ഞിട്ട് പതിനാല് വർഷമായെന്നും ടെസ്റ്റ് ഫോർമാറ്റിലൂടെയുള്ള യാത്ര തന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ജീവിതകാലം മുഴുവനും കൂടെകൂട്ടാൻ കഴിയുന്ന പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തെന്നും അദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
123 മത്സരങ്ങളിൽ നിന്ന് 9230 റൺസ് നേടിയാണ് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനും ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച ഏഴാമത്തെ കളിക്കാരനുമാണ് കോഹ്ലി.14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 30 സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ നാലാം സ്ഥാനത്താണ് അദ്ദേഹം. 31 അർദ്ധ സെഞ്ച്വറികളാണ് ടെസ്റ്റിൽ കോഹ്ലി നേടിയത്. ഏഴ് ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്‌ലി അഞ്ച് ടീമുകൾക്കെതിരെ 1000ൽ അധികം റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 30 മത്സരങ്ങളിൽ നിന്ന് ഒമ്പത് സെഞ്ച്വറികളും അഞ്ച് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 2232 റൺസ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഓസീസിനെതിരെ നേടിയിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയിൽ 68 മത്സരങ്ങളിൽ നിന്ന് ടീം ഇന്ത്യയ്ക്കായി ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. കഴിഞ്ഞ വർഷം ടി20 ഫോർമാറ്റിൽ നിന്നും കോഹ്ലി വിരമിച്ചിരുന്നു