കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ കാർ ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയപാത 66-ൽ അറപ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ കാർ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറില്‍ ഇടിച്ച കാറിൽ നിന്നും പുക ഉയർന്നു തീ ആളിക്കത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനാണ് പരുക്കേറ്റേത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.