കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ക്രാഷ് ടെന്‍ഡര്‍ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അണയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിനാല്‍ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. നിലവില്‍ ക്രാഷ് ടെന്‍ഡര്‍ അടക്കം ഫയർ എഞ്ചിൻ അഞ്ച് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിച്ചിട്ടുള്ളത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.
തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേര്‍ന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു. നിലവില്‍ എട്ട് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.