തിരുവനന്തപുരം: കോഴിക്കോട് മുൻ എംഎൽഎ എ.പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം. സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ. മൂന്നു തവണ എംഎൽഎയായിരുന്നു. പാർട്ടി ഏൽപ്പിച്ച ചുമതലയാണെന്നും വളരെ ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐയിലൂടെയാണ് പ്രദീപ് രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തി. സര്‍ക്കാറിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോ എന്നതരത്തില്‍ ചര്‍ച്ചകൾ നടന്നിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ളയാള്‍ വരുന്നതാണ് ഉചിതമെന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി പ്രദീപ് കുമാറിനെ നിയമിച്ചത്.