കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ. മെഡിക്കൽ കോളേജിൽ നാലു രോഗികൾ മരിച്ചിട്ടുണ്ടെന്നും എന്നാൽ പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നുമാണ് അധികൃതർ അറിയിക്കുന്നത്. മരിച്ച നാലു രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
പുക ഉയർന്നതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ചെന്നായിരുന്നു ടി. സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. മരിച്ചവരുടെ എണ്ണം മൂന്നാണോ, നാലാണോ എന്ന് ബന്ധപ്പെട്ടവർ അറിയിക്കണമെന്നും എംഎൽഎ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വയനാട് കോട്ടപ്പടി സ്വദേശി നസീറ (44) യാണെന്നും എംഎൽഎ പറഞ്ഞിരുന്നു. നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൽ നിന്നും മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത് എന്ന് ബന്ധുക്കൾ പറഞ്ഞു എന്നുമാണ് എംഎൽഎയുടെ പ്രതികരണം.
ഇതിനു പിന്നാലെയാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകിയത്. പുക ഉയർന്നതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റു സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ നിന്നുമാണ് പുക ഉയർന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നതിനെ തുടർന്ന് 35 രോഗികളെയാണ് മെഡിക്കൽ കോളേജിൽ നിന്നും ജില്ലയിലെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിവരം.