Trending

ആറു പ്രതികൾ, ഗൂഢാലോചന അന്വേഷിക്കും; ഷഹബാസ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു


കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത 6 പേരെ പ്രതി ചേർത്തുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 107 സാക്ഷികളെ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ജുവെെനൽ ജസ്റ്റിസ് ബോർഡിന് മുന്നിലാണ് കുറ്റപത്രം നൽകിയത്. കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കൾക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.

ഫെബ്രുവരി 28നാണ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്‌ (15) മരിച്ചത്. താമരശ്ശേരി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷഹബാസ്‌. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ 6 വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹെെക്കോടതി തള്ളിയിരുന്നു. വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹർജി തള്ളിയത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇവർ നിലവിൽ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ്. നേരത്തേ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Post a Comment

Previous Post Next Post