മാനന്തവാടി: വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണ (34) ആണ് കൊല്ലപ്പെട്ടത്. ആൺസുഹൃത്ത് ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവതിയുടെ പെൺമക്കൾക്കും പരിക്കേറ്റു. അനർഘ (14) അഭിന (9) എന്നിവർക്കാണ് പരിക്കേറ്റത്.
ചെവിക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ മകൾ അനർഘയെ വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി പിരിഞ്ഞ് ആൺ സുഹൃത്തിനൊപ്പം താമസിച്ചു വരുകയായിരുന്നു പ്രവീണ. കൊലയ്ക്ക് ശേഷം ആൺ സുഹൃത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇളയ മകൾ അഭിനയെയും കാണാനില്ല. ഇരുവർക്കുമായി തിരച്ചിൽ തുടരുന്നു.