ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈലിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ വണ്ട് ശല്യം കാരണം ജീവനക്കാർ പൊറുതിമുട്ടുന്നു. ബാലുശ്ശേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന റെയിഞ്ച് ഓഫീസ് എട്ടു വർഷം മുൻപാണ് ഇവിടേക്ക് മാറിയത്. ഓട് മേഞ്ഞ ഇരുനില വീട് 9,000 രൂപ പ്രതിമാസ വാടക നൽകിയാണ് പ്രവർത്തിച്ചു വരുന്നത്. താഴെയുള്ള നിലയിൽ കൊച്ചു മുറികളിൽ 10 ഓളം ജീവനകാർക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ല. പോരാത്തതിന് ഇപ്പോ മാസങ്ങളോളമായി വണ്ട് ശല്യവും കൂടി ആയതോടെ ജീവനക്കാർ ആകെ അങ്കലാപ്പിലായി.
കാലപ്പഴക്കം കാരണം ഈ കെട്ടിടത്തിൽ നിന്നും നടുവണ്ണൂരിലെ മറ്റൊരു വാടക കെട്ടിടത്തിലേയ്ക്ക് റെയിഞ്ച് ഓഫീസ് മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് പുലർച്ചെ മുന്നു മണിക്ക് റെയിഞ്ച് ഓഫീസിൻ്റെ മുൻവശത്തെ വാതിലിന് സാമൂഹ്യ വിരുദ്ധർ തീയിടാനുള്ള ശ്രമം നടത്തിയത്. ഒരു കിലോമീറ്റർ അകലെ പറമ്പിൻ്റെ മുകളിൽ മിനി സിവിൽ സ്റ്റേഷൻ്റെ പണി പൂർത്തീകരിച്ചാൽ മാത്രമെ പ്രതിമാസ വാടകയിൽ നിന്നും റെയിഞ്ച് ഓഫീസിന് രക്ഷപ്പെടാൻ കഴിയുകയുള്ളു.