കോഴിക്കോട്: പുതിയ സ്റ്റാൻഡിലെ തീപിടിത്തം നിയന്ത്രണവിധേയമെന്ന് ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്‌റഫ് അലി. അഞ്ച് മണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. അതേസമയം പൂര്‍ണമായും അണയ്ക്കാനായില്ല. ആളിക്കത്തുന്നതാണ് നിയന്ത്രണ വിധേയമായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്ത് എത്തിയിരുന്നു. ഇതടക്കം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനെത്തിയത്. രാത്രി ഒൻപത് മണിയോടെ, ജെസിബി കൊണ്ടുവന്ന് ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ച് കഠിനമായി ശ്രമിച്ചതാണ് വിജയം കണ്ടത്.
പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിലാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിത്തം ഉണ്ടായത്. കോഴിക്കോട് നഗരമാകെ കറുത്ത പുക പടരുകയും ചെയ്തു. സ്‌കൂൾ തുറക്കുന്നത് ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പടെയാണ് കത്തി നശിച്ചത്.