Trending

അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്; മുക്തരാക്കിയത് 5,549 കുടുംബങ്ങളെ


കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിതരാക്കി പദ്ധതിയുടെ 87 ശതമാനം പൂര്‍ത്തിയാക്കാന്‍ ജില്ലക്കായി. ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, സുസ്ഥിര വാസസ്ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരമാണ് ഇത് സാധ്യമായത്. വളയം, നരിപ്പറ്റ, മണിയൂര്‍, പുറമേരി പഞ്ചായത്തുകള്‍ 100 ശതമാനവും പദ്ധതി പൂര്‍ത്തിയാക്കി അതിദാരിദ്ര്യ മുക്തമായി.

1,829 കുടുംബങ്ങള്‍ക്ക് സാമൂഹ്യ അടുക്കളകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയിലൂടെ പാകം ചെയ്ത ഭക്ഷണം നല്‍കുകയും കിറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 513 കുടുംബങ്ങള്‍ക്ക് വരുമാനം ലഭ്യമാക്കാന്‍ വിവിധ പദ്ധതികള്‍ തുടങ്ങാന്‍ സൗകര്യങ്ങളൊരുക്കി. പെട്ടിക്കടകള്‍, ടൈലറിങ് യൂണിറ്റുകള്‍, സ്റ്റേഷനറികള്‍ എന്നിങ്ങനെ നിത്യവരുമാനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. പ്രധാനമായും കുടുംബശ്രീ ഉജ്ജീവനം പദ്ധതി വഴിയാണ് തൊഴിലവസരങ്ങള്‍ ഉണ്ടായത്. 318 പേര്‍ക്ക് ഉജ്ജീവനം വഴിയും മറ്റുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന ഫണ്ടും സന്നദ്ധ സഹായം വഴിയും വരുമാനം ലഭ്യമാക്കി.

ആരോഗ്യ സേവനം ആവശ്യമുള്ള 4,022 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ സംവിധാനം, സഹായ ഉപകരണങ്ങള്‍, അവയവം മാറ്റിവെക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയും ഒരുക്കി. 72 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങള്‍ ലഭിച്ചു. 28 പേര്‍ക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ചേവായൂര്‍ സിആര്‍സി വഴി വീല്‍ചെയര്‍, ശ്രവണ സഹായി, വാക്കര്‍ എന്നിവ ലഭ്യമാക്കി. 488 വീടുകള്‍ നിര്‍മിക്കുകയും അറ്റകുറ്റപ്പണി ആവശ്യമുള്ള 1,072 വീടുകളില്‍ 810 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

അതിദാരിദ്ര്യ പട്ടികയിലെ ഭൂരിഭാഗവും സ്ഥലലഭ്യത ഇല്ലാത്തവരാണ്. ഇതിന് പരിഹാരമായി റവന്യു അടക്കമുള്ള മറ്റു വകുപ്പുകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പതിച്ചുനല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. ഭൂരഹിതരും ഭവനരഹിതരുമായ 347 കുടുംബങ്ങളാണ് അതിദാരിദ്ര്യപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 80 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി ഭൂമി ലഭ്യമാക്കുകയും 59 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

കോര്‍പ്പറേഷന്‍ പരിധിയിലെ 32 ഗുണഭോക്താക്കളെ കല്ലുത്താന്‍ കടവിലുള്ള ഫ്‌ളാറ്റുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 67 പേര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനഫണ്ട് വഴിയും 38 ഗുണഭോക്താക്കള്‍ക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ വഴിയും ജില്ലയില്‍ ഭൂമി കണ്ടെത്തി നല്‍കിയിട്ടുണ്ട്. ഇനി ഭൂമി കണ്ടെത്തേണ്ട 47 കുടുംബങ്ങള്‍ക്ക് അതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു.

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021ലാണ് അതിദാരിദ്ര്യ നിര്‍മ്മാർജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. നവംബര്‍ ഒന്നോടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post