തിരുവനന്തപുരം: ഇനിമുതൽ നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്‌ണമണി രേഖ) ശേഖരിക്കില്ല. ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ പുതുക്കൽ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കൽ നടത്താത്തവ അസാധുവായേക്കും.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകൾ എന്നിവയുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ആധാറിൽ മൊബൈൽ നമ്പറും ഇ -മെയിലും നൽകണം. പല വകുപ്പുകളും ആധാറിലെ മൊബൈലിൽ/ ഇ- മെയിലിൽ ഒടിപി അയച്ച് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അഞ്ചു വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ- മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്റർ: 1800-4251-1800/ 0471-2335523. ഐടി മിഷൻ (ആധാർ സെക്‌ഷൻ): 0471-2525442.