വടകര: വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.