വടകര: ശക്തമായ കാറ്റില്‍ വില്യാപ്പള്ളിയില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. വില്യാപ്പള്ളി അരയാക്കൂല്‍ പാങ്ങോട്ടൂര്‍ ഭഗവതി ക്ഷേത്രമാണ് തകര്‍ന്നത്. ക്ഷേത്ര കാവിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരം കടപുഴകി വീഴുകയായിരുന്നു. അരയാല്‍, ആല്‍ തുടങ്ങി മൂന്ന് മരങ്ങളാണ് വീണത്. സംഭവത്തില്‍ ക്ഷേത്രം പൂര്‍ണമായും തകര്‍ന്നു. ഭഗവതി പ്രതിഷഠയായിരുന്നു ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. ഇതോടൊപ്പം വിവിധ ഉപദൈവങ്ങളുടെ തറകളും തകര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
മൂന്ന് മരങ്ങള്‍ പിണഞ്ഞുള്ള വന്‍മരം കടപുഴകി വീണതിനാല്‍ ക്ഷേത്രം പൂര്‍ണമായും മരങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട നിലയിലാണുള്ളത്. വലിയ ശബ്ദം കേട്ട നാട്ടുകാരാണ് ക്ഷേത്രത്തിന് മുകളില്‍ മരം വീഴുന്നത് കണ്ടത്. പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ കനത്ത് മഴയും ശക്തമായ ചുഴലിക്കാറ്റും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.