തിരുവനന്തപുരം: അന്താരാഷ്ട്ര വേദികളിൽ വരെ മലയാള സിനിമയുടെ ഖ്യാതി വളർത്തിയ മലയാളത്തിലെ എക്കാലത്തെയും പ്രഗൽഭരായ സംവിധായകരിൽ ഒരാളായ ഷാജി എൻ. കരുൺ ഓർമ്മയായി. 73 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ 'പിറവി' എന്ന വസതിയിലായിരുന്നു അന്ത്യം.
ഛായാഗ്രാഹകനായി സിനിമാ രംഗത്തെത്തിയ ഷാജി എൻ. കരുൺ നാൽപ്പതോളം ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു. പിറവി എന്ന ആദ്യ സംവിധാന സംരഭത്തിലൂടെ തന്നെ കലാമൂല്യമുള്ള സിനിമകളുടെ മുന്നണി പ്രവർത്തകനായി. ലോക പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ഈ ചിത്രത്തിനു ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻസ് ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയാണ്. മൂന്നാമത്തെ ചിത്രമായ വാനപ്രസ്ഥം മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയിരുന്നു. കാൻസിലെ ഔദ്യോഗിക വിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സ്വപാനം, കുട്ടിസ്രാങ്ക്, എകെജി തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ. കരുണാകരന്‍റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ഷാജിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ പഠനത്തിനു ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാന ചലച്ചിത്ര അക്കാഡമി രൂപീകരിച്ചപ്പോൾ അവിടെ നിയമിതനായ ഷാജിയുടെ കരിയറിൽ വഴിത്തിരിവായത് പ്രശസ്ത സംവിധായകൻ ജി. അരവിന്ദനെ പരിചയപ്പെട്ടതായിരുന്നു. അരവിന്ദന്‍റെ പല ശ്രദ്ധേയ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജിയായിരുന്നു.
കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നീ അതികായർക്കൊപ്പവും പ്രവർത്തിച്ചു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. മൂന്നു വട്ടം മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഫ്രഞ്ച് സർക്കാരിന്‍റെ 'ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്' പുരസ്കാരത്തിനും അർഹനായിട്ടുണ്ട്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.