താമരശ്ശേരി: ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാലംഗ സംഘം പൊലീസ് പിടിയിൽ. കൊടുവള്ളി, കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32), കരുവൻപൊയിൽ പൊയിൽ, പൊൻപാറക്കൽ മുഹമ്മദ് യാസീൻ (24), പുത്തൂർ എടവനകുന്നത് ഷക്കീൽ എന്ന ചിമ്മിണി (25) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അടിവാരത്ത് വെച്ച് പൊലീസ് പിടികൂടുന്നത്.
ഇവരിൽ നിന്നും 11.32 ഗ്രാം എംഡിഎംഎ യും, 4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും കണ്ടെടുത്തു. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും വാങ്ങി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിൽപ്പന നടത്തുന്നവരാണ് പ്രതികൾ. ഷഫീക്ക് ഗൾഫിൽ നിന്നും അടുത്ത് നട്ടിൽ എത്തിയതാണ്. പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. പിന്നീട് ഇവർ ലഹരി വിൽപ്പനയിലേക്ക് കടക്കുകയായിരുന്നു. ബാംഗ്ലൂരിലെ ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി കെ.സുശീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, താമരശ്ശേരി എസ്ഐ എ.അൻവർ ഷാ, അഡീഷനൽ എസ്ഐമാരായ എസ്.നൗഫൽ, നിരഞ്ജന എസ്. ലാൽ, സീനിയർ സിപിഒ മാരായ എൻ.എം ജയരാജൻ, എൻ.എം ഷാഫി, കെ.ലിനീഷ്, എം.നാൻസിത്ത്, കെ.കെ ലിജു, പി.കെ ലിനീഷ്, എം.ജംഷീന, ബി.അതുൽ, ബി.എസ് ശ്യാംജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.