Trending

കൊച്ചിയില്‍ നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി മുട്ടുകുത്തി നടത്തി അതിക്രൂര തൊഴില്‍ പീ‍ഡനം


കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തില്‍ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം ക്രൂരമായ ശിക്ഷാരീതികള്‍ സ്വീകരിക്കുന്നതെന്നാണ് വിവരങ്ങള്‍.

മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി സുഹൈല്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. പുതിയതായി പുറത്തുവന്ന വീഡിയോയുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, എറണാകുളം ജില്ലാ ലേബര്‍ ഓഫീസറോട് വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 'കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല,' മന്ത്രി വ്യക്തമാക്കി. 

സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു പുരോഗമന സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു.

Post a Comment

Previous Post Next Post