Trending

ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂർ അന്തരിച്ചു


കൊച്ചി: ക്രിമിനൽ‌ അഭിഭാഷകൻ‌ അഡ്വ. ബി.എ ആളൂർ (53) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജരായിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി.എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി.എ ആളൂരിന് വ്യാപക വിമര്‍ശനം നേരിടേണ്ടി വന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബി.എ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബി.എ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു.

1999ൽ ആണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകൾക്ക് തന്നെയായിരുന്നു തുടക്കം മുതൽ പ്രാധാന്യം കൊടുത്തത്.

Post a Comment

Previous Post Next Post