Trending

ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസ്


വടകര: ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. വടകര അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത്. ചോമ്പാല സ്വദേശി പുതിയോട്ടിൽ പി.കെ സുജിത്തിന്റെ പരാതിയിൽ ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്. 

ജിനോസ് ബഷീർ എന്ന ആൾ ഫേസ്‌ ബുക്കിൽ പോസ്റ്റ് ചെയ്ത ജോൺ ബ്രിട്ടാസ് എംപിയുടെ രാജ്യസഭ പ്രസംഗത്തിനു താഴെ കമന്റ്‌ ബോക്സിൽ സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപൂർവം സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പകൽ മൂന്നിനാണ് ഇയാൾ ഫേസ്‌ ബുക്കിൽ പ്രകോപനപരമായ പരാമർശം നടത്തിയത്. 

വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചിരുന്നു. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് 'എബിസിഡി' അറിയില്ലെന്നായിരുന്നു ജോൺ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരിൽ ബിജെപി മുതലകണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Post a Comment

Previous Post Next Post