ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമവാഴ്ച പരിപൂർണമായി തകർന്നെന്നു സുപ്രീംകോടതി. സിവിൽ കേസിൽ യുപി പൊലീസ് ക്രിമിനൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്ങനെയെന്ന് ചോദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്‍റെ വിമർശനം.
സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി സംസ്ഥാന പൊലീസ് മേധാവിയോടും ഗൗതമബുദ്ധ നഗർ സ്റ്റേഷൻ ഹൗസ് ഓഫിസറോടും സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ചെക്ക് മടങ്ങിയ കേസിൽ ദേബു സിങ്, ദീപക് സിങ് എന്നിവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. സിവിൽ കേസ് തീർപ്പാക്കൽ അനിശ്ചിതമായി നീണ്ടുപോയപ്പോഴാണ് ക്രിമിനൽ കേസെടുത്തതെന്നായിരുന്നു വാദി ഭാഗത്തിന്‍റെ വിശദീകരണം.
സിവിൽ കേസുകളെല്ലാം ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് വലിയ തെറ്റാണെന്നു പരമോന്നത കോടതി വ്യക്തമാക്കി. പണം തിരിച്ചു കൊടുക്കാത്തത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നു പറഞ്ഞ കോടതി തുടർനടപടികൾ സ്റ്റേ ചെയ്തു. ഇരുവർക്കുമെതിരേ വിശ്വാസ വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമായിരുന്നു കേസ്.