കാസര്‍കോട്: നീലേശ്വരത്ത് വെട്ടുകത്തിയുമായി അയല്‍വാസിയുടെ പുരപ്പുറത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത് മണിക്കൂറോളം. ഒടുവില്‍ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെയിറക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കിനാനൂർ- കരിന്തളം ഉമ്മച്ചിപള്ളം സ്വദേശി ശ്രീധരൻ പുരപ്പുറത്തു കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
അയല്‍വാസിയായ ലക്ഷ്മിയുടെ പുരപ്പുറത്ത് ഏണി വഴി കയറിയ യുവാവ് വെട്ടുകത്തിയുമായി ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി. ഒരുവിധം അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന വാശിയിലായിരുന്നു യുവാവ്.
നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. അതിനിടെയില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എവിടെ നിന്നോ കൊണ്ടുവന്ന പെറോട്ടയുടെയും ബീഫിന്റെയും പൊതി തുറന്ന് പൊലീസ് യുവാവിന് പൊക്കി കാണിച്ചു കൊടുത്തു. സംസാരിച്ചു കൊണ്ടിരിക്കെ പിറകിലൂടെ ചെന്ന പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ ശ്രീധരനെ പിടികൂടി താഴെ ഇറക്കുകയായിരുന്നു.
താഴെയെത്തിയ ശ്രീധരന് പൊലീസും ഫയര്‍ ഫോഴ്‌സും പൊറോട്ടയ്ക്കും ബീഫിനും ഒപ്പം മുട്ടക്കറി കൂടി കൊടുത്തു. ‘ഒരു തവണ നിന്നോട് ക്ഷമിച്ചു, ഇനി മേലാല്‍ ഇത്തരം പണി കാണിക്കരുതെന്ന്’ സ്‌നേഹ രൂപേണ ശ്രീധരനോട് ഉപദേശിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.