Trending

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം തിരുവാതിൽക്കലിൽ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും (64) ഭാര്യ മീര (60) യുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. 

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന അസം സ്വദേശി അമിത് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇതേ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും.

വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിതിയുമുള്ള അദ്ദേഹം വിവരം അറിഞ്ഞത് നാട്ടുകാർക്കൊപ്പം മാത്രമാണെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post