മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കും. ബസ് ജീവനക്കാരായ സിജു, നിഷാദ്, സുജീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ ഡ്രൈവര്‍ മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് (49) ആണ് ഇന്ന് രാവിയോടെ മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. രാവിലെ 10 മണിയോടെ മലപ്പുറം വടക്കേമണ്ണയിൽ നിന്നാണ് അബ്ദുല്‍ ലത്തീഫിന് മര്‍ദ്ദനമേറ്റത്. തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുള്‍ ലത്തീഫിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. സ്ഥലത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയില്‍ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഓട്ടോറിക്ഷക്ക് കുറുകെ ബസ് ഇട്ടശേഷം ജീവനക്കാര്‍ ഇറങ്ങിവന്ന് ലത്തീഫിനെ മര്‍ദിക്കുകയായിരുന്നു.
അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്വകാര്യ ബസുകള്‍ തടയുകയും പ്രകടനം നടത്തുകയും ചെയ്തു.