കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ അത്താണിക്ക് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനിൽ നിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഇരിക്കൂറിൽ നിന്നും ഗൾഫിലേക്ക് പുറപ്പെടുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ എന്ന് പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ കെ.ഷാജുവിന്റെ നേതൃത്വത്തിൽ പൊലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.