കോഴിക്കോട്: നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. പേരോട് എംഐഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായത്. മർദ്ദനത്തിൽ കർണപടത്തിന് സാരമായി പരുക്കേറ്റ പതിനേഴുകാരൻ ചികിത്സയിൽ കഴിയുകയാണ്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദ്ദിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അതേസമയം പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ എഴുതാൻ പോയ സമയത്തായിരുന്നു ആക്രമണം. സംഭവത്തിൽ നാലു വിദ്യാർത്ഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.