താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാൻ ഇടിച്ചു മദ്ധ്യവയസ്കന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെ എലോക്കരയിലായിരുന്നു അപകടം. ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസ് (47) ആണ് മരിച്ചത്.
എലോക്കരക്ക് സമീപം പച്ചക്കറി കട നടത്തുന്ന നവാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നവാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷെറീജ. മൂന്ന് മക്കളുണ്ട്.