Trending

കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരി ബൈക്കപകടത്തിൽ മരിച്ചു


കോഴിക്കോട്: സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചു. യൂനിവേഴ്സിറ്റി ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ രാമനാട്ടുകര മേൽപ്പാലത്തിലാണ് അപകടം. 

ഇഖ്റ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യയായ ബിഷാറയെ ആശുപത്രിയിലാക്കാൻ ഇരുചക്രവാഹനത്തിൽ ഇറങ്ങിയതായിരുന്നു സഹോദരൻ. പിന്നിൽനിന്ന് വാഹനമിടിച്ചതിനെത്തുടർന്ന് മറ്റൊരു വാഹനത്തിനടിയിലേക്ക് തെറിച്ചുവീണ് ബിഷാറയുടെ ദേഹത്തുകൂടെ ചക്രം കയറിയിറങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. 

ഉടൻ തന്നെ ഇഖ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ഫജറുൽ ഇസ്‍ലാമിന് (26) നിസ്സാര പരിക്കേറ്റിട്ടുണ്ട്. മിക്ക ദിവസങ്ങളിലും സഹോദരൻ തന്നെയായിരുന്നു ബിഷാറയെ ജോലിക്ക് ആശുപത്രിയിൽ എത്തിച്ചതും തിരിച്ചു കൊണ്ടു പോയിരുന്നതും.

പിതാവ്: പരേതനായ പി.വി. ഹുസൈൻ മൗലവി. മാതാവ്: സുമയ്യ. ഭർത്താവ്: മുഹമ്മദ് കോമത്ത്. സഹോദരങ്ങൾ: സലാം, മുബാറക്, പി.വി റഹ്മാബി (ജമാഅത്തെ ഇസ്‍ലാമി ശൂറ കമ്മിറ്റിയംഗം), ജാബിർ സുലൈം (പർച്ചേഴ്സ് മാനേജർ ഇഖ്റ ആശുപത്രി), നഈമ, ബദറുദ്ദീൻ, റാഹത്ത് ബാനു, ഫജറുൽ ഇസ്‍ലാം.

Post a Comment

Previous Post Next Post