Trending

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവള്ളി സ്വദേശി പിടിയിൽ


കോഴിക്കോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന കൊടും ക്രിമിനലിനെ സാഹസികമായി പിടികൂടി പൊലീസ്. കൊടുവള്ളി വാവാട് സ്വദേശിയായ സിറാജുദ്ദീന്‍ തങ്ങളെ (32)യാണ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസ് സംഘവും ഉള്‍പ്പെട്ട ടീമാണ് ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തിയത്.

ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയോടൊപ്പം കോഴിക്കോട് ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന മലപ്പുറം സ്വദേശി റഫീഖിനെയാണ് ഇയാള്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് കൊലപാതകം, അടിപിടി, മോഷണം, പിടിച്ചുപറി, സ്ത്രീകളെ ആക്രമിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പോക്‌സോ, ലൈംഗികാതിക്രമം തുടങ്ങിയ മുപ്പതോളം കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചിരുന്നു. മോചിതനായ ശേഷമാണ് വീണ്ടും കൊലപാതക ശ്രമം നടത്തിയത്. 

ആക്രമണത്തിന് ശേഷം സംസ്ഥാനത്തിനകത്തും ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞ സിറാജുദ്ദീനെ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാല്‍ ബ്ലേഡുകള്‍ വായിലിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അര ഡസനോളം ബ്ലേഡ് കഷ്ണങ്ങള്‍ ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. പൊലീസ് കീഴ്‌പ്പെടുത്തുമ്പോള്‍ ഇയാള്‍ അതിനായി ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ തട്ടിമാറ്റുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിക്കാറുള്ളതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post