നന്മണ്ട: ശനിയാഴ്ച നന്മണ്ടയിൽ വാഹനാപകടത്തിൽ മരിച്ച സുധീർകുമാറിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞെത്തിയ മൃതദേഹം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്, സൗമ്യസ്വഭാവക്കാരനായ സുധീർകുമാർ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു. ശനിയാഴ്ച താൻ ജോലിചെയ്യുന്ന താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ ഇഫ്ത്താർ മീറ്റിൽ ഭക്ഷണം കഴിച്ച് പിരിഞ്ഞ സുധീറിന്റെ വേർപാട് സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
വനം വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ, നന്മണ്ട, ബിജെപി നേതാവ് ടി.എ നാരായണൻ, കാക്കൂർ, ചേളന്നൂർ, താമരശ്ശേരി എന്നിവിടങ്ങളിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പർ വീട്ടിലെത്തി. കേരള ലോക്കൽ സെൽഫ് ഗവൺമന്റ് എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അരീക്കൽ നൈറ്റൊബേബി, ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ കൂടാതെ ജില്ലാ സംസ്ഥാന സംഘടനാ ഭാരവാഹികളും അന്ത്യാഞ്ജലി അർപ്പിച്ചു.