Trending

മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകും; മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ


പത്തനംതിട്ട: പത്ത് വയസ്സുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എംഡിഎംഎ എത്തിച്ചു നൽകിയിരുന്ന ലഹരിമരുന്ന് മാഫിയ തലവൻ പത്തനംതിട്ട തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. കഴിഞ്ഞ ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിൻ്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷമീറിനെ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചുമത്രയിലെ പിതാവിൻ്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നും ആണ് പിടികൂടിയത്. ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 

10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി മകൻ്റെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളേജ്, മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം എംഡിഎംഎ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഏജൻ്റുമാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പോലീസിനെ ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എംഡിഎംഎ ഇയാളുടെ കൈവശമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post