Trending

അങ്കണവാടിയിലെ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; ഉല്പാദന കേന്ദ്രം അടപ്പിച്ചു


ആലപ്പുഴ: അങ്കണവാടിയിൽ കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. ഇതേ തുടർന്ന് മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റായി പ്രവർത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് പൂട്ടിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. 

കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്. തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ നടത്തിയ പരിശോധനയിൽ ഉൽപാദന കേന്ദ്രത്തിന്റെ ഭിത്തികളിൽ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കുവാനും പേസ്റ്റ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുവാനും നിർദ്ദേശിച്ചു. 

ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പായ്ക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികൾ പിൻവലിച്ച് നശിപ്പിക്കാനും നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പാലിച്ച ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഉല്പാദന യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുകയുള്ളൂവെന്ന് ചെങ്ങന്നൂരിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ എസ് അറിയിച്ചു.

Post a Comment

Previous Post Next Post