Trending

ഉറക്കം കെടുത്തുന്ന കേസ്, പ്രതി പൂവന്‍ കോഴി; രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ


പത്തനംതിട്ട: അടൂരില്‍ പൂവന്‍ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആർഡിഒ. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിയുമായി ആർഡിഒയെ സമീപിച്ചത്. അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ പൂവൻകോഴിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പുലര്‍ച്ചെ മൂന്നിന് പൂവന്‍ കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സ്വര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയത്. 

തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍.ഡി.ഒ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ആർഡിഒയ്ക്ക് ബോധ്യപ്പെട്ടു. ഇതിന് പരിഹാരമായി അനില്‍കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാനാണ് അടൂര്‍ ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവിലുണ്ട്.

Post a Comment

Previous Post Next Post