കോഴിക്കോട്: ദേഹോപദ്രവം ഏൽപിച്ച് പിടിച്ചുപറി നടത്തിയ കേസിലെ പ്രതികൾക്ക് നാലുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ചേളന്നൂർ പള്ളിപൊയിൽ സ്വദേശി സാദിഖ് (29), അരക്കിണർ മാത്തോട്ടം സ്വദേശി പി.കെ. ഹൗസിൽ അബ്ദുൽ റാഷിദ് (28) എന്നിവർക്കാണ് കോഴിക്കോട് സി.ജെ.എം കോടതി ശിക്ഷ വിധിച്ചത്.
2021 നവംബറിൽ ടൗൺ സ്റ്റേഷൻ പരിധിയിലെ യമുന ആർക്കേഡിന് സമീപം വെച്ച് ഒളവണ്ണ സ്വദേശിയായ റിക്കാസ് അലിയെ ദേഹോപദ്രവം ഏൽപിച്ച് കൈയിലുണ്ടായിരുന്ന 1500 രൂപയും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ച കേസിലാണ് കോടതി വിധി. ടൗൺ സ്റ്റേഷനിലെ എസ്.ഐ അനൂപ്, എസ്.സി.പി.ഒ രമേശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.