കുന്ദമംഗലം: ചാത്തമംഗലം നെച്ചൂളിയിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. നെച്ചൂളി പണ്ടാരത്തിൽ ഷിജു, വെള്ളിമാട്കുന്ന് മേലേ അരപ്പയിൽ ഹിരൺമഴി എന്നിവർക്കാണ് പരിക്കേറ്റത്. ഹിരൺ മഴിയുടെ അമ്മയിൽ നിന്ന് ഷിജു പണം കടം വാങ്ങിയിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഹിരൺ മഴിയും അമ്മയും ഷിജുവിൻ്റെ വീട്ടിലെത്തിയപ്പോൾ ഷിജു ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.
എന്നാൽ പണം തിങ്കളാഴ്ച രാവിലെ നൽകാമെന്ന് ഷിജു പറഞ്ഞപ്പോൾ യുവതി ഷിജുവിൻ്റെ മുഖത്ത് ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഷിജുവിൻ്റെ അമ്മ പറഞ്ഞു. തർക്കത്തിനിടയിൽ ഷിജുവിൻ്റെ വീട്ടിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന് മുമ്പും ഇവർ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരുടേയും പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.