കൊടുവള്ളി: ദേശീയപാതയിലെ താമരശ്ശേരി വട്ടക്കുണ്ടിലെ പുതിയ പാലത്തിന്റെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കുകയും എസ്റ്റിമേറ്റും, ഡിസൈനും കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തതായി ഡോ. എം.കെ മുനീർ എംഎൽഎ അറിയിച്ചു. ഇതോടെ പദ്ധതിയുടെ ബോക്സ് കൾവെർട്ട് നിർമ്മിക്കുന്നതിലെ സാങ്കേതികതയാണ് അവസാനിക്കുന്നത്. എസ്റ്റിമേറ്റ് അംഗീകരിച്ചാലുടൻ പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ചേർന്നു.
കേരള റോഡ് ഫണ്ട് ബോർഡ് മുഖേന നടപ്പിലാക്കുന്ന പരപ്പൻ പൊയിൽ- കാരക്കുന്നത്ത് റോഡ്, കരിങ്കുറ്റിക്കടവ് പാലം പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പടനിലം പാലം പ്രവൃത്തി, തലയാട് -മലപുറം ഹിൽ ഹൈവേ, ആർഇസി കൂടത്തായി റോഡ്, കട്ടിപ്പാറ ഫാമിലി ഹെൽത്ത് സെന്റർ, താമരശ്ശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, സി.എച്ച്. എം.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് ചുറ്റുമതിൽ നിർമ്മാണം, സി.എച്ച്.എം.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട നിർമ്മാണ പ്രവൃത്തി, വെള്ളച്ചാൽ തെക്കേ തൊടുക പാലം, പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി, നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, തുടങ്ങിയ പ്രവൃത്തികൾ യോഗം വിലയിരുത്തി. മടവൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെ പ്രവൃത്തിയിൽ കരാറുകാരന്റെ അനാസ്ഥമൂലം പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പുതിയ കരാറുകാരനെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
2023-24 സംസ്ഥാന ബജറ്റിൽ തുക വകയിത്തിയ സിറാജ് ബൈപാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി അലൈൻമെന്റ് തയാറാക്കിയിട്ടുണ്ട്. മാവൂർ എൻഐടി കൊടുവള്ളി റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായും പ്രധാന പ്രവർത്തിയുടെ പാരിസ്ഥിതിക പഠന റിപ്പോർട്ട് എക്സ്പെർട്ട് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ ഷിഫ്റ്റ് ചെയ്യാൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച തുകയുടെ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും പ്രത്യേക അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ അറിയിച്ചു.