കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം. അപകടത്തിൽ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ.എസ്.സി ബറ്റാലിയനില്‍ നായക് ആണ് ആദര്‍ശ്. ആദര്‍ശിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആദര്‍ശിനൊപ്പം പരിക്കേറ്റ പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ ചികിത്സയിലാണ്. ഹരിപ്രസാദ് കൊല്ലം സ്വദേശിയാണെങ്കിലും ഇപ്പോള്‍ കീഴരിയൂരിലാണ് താമസം.
ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടം. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ഏറെ നേരം റോഡില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയും പരിക്കേറ്റ യുവാക്കളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
കണ്ണികുളത്തില്‍ അശോകന്റെയും സുമയുടെയും മകനാണ് ആദര്‍ശ്. അഞ്ജു സഹോദരിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.