തിരൂർ: മലപ്പുറം പുത്തനത്താണിയിൽ ആറുവരിപ്പാതയിൽ ചുങ്കത്ത് ദീർഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 17 പേർക്ക് പരുക്ക്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിൽ കൂട്ടിയിട്ട മണ്ണിൽ കയറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി 7 മണിയോടെയായിരുന്നു അപകടം.
കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയ ബസ്സാണ് മറിഞ്ഞത്. ബസിന്റെ മുൻവശത്തെ രണ്ട് ചക്രവും ഊരിത്തെറിച്ചു. നാട്ടുകാർ ഓടിയെത്തി ബസിന്‍റെ ചില്ലുകൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.