Trending

പട്ടാപ്പകല്‍ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവര്‍ന്നു


തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ബാങ്കിലെ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷമാണ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.

കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച്‌ ക്യാഷ് കൗണ്ടർ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാർ പറയുന്നു. 

പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post