Trending

കോതമംഗലത്ത് ആറ് വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തി. കോതമംഗലം നെല്ലിക്കുഴിയിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻ്റെ മകൾ മുസ്കാനാണ് കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തൽ. 

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം നേരത്തെ, നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ കുട്ടി മരിച്ചു കിടക്കുകയായിരുന്നു എന്നാണ് പിതാവ് അജാസ് ഖാൻ പറഞ്ഞത്. കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉണ്ടായിരുന്നതിനാൽ പിതാവ് അജാസ് ഖാനും രണ്ടാനമ്മയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post