അത്തോളി: അത്തോളിയിൽ ബൈക്കിൽ സഞ്ചരിക്കവെ ടയർ പൊട്ടി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാർ കോളനി ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ് (49) കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 8ന് രാവിലെ നടക്കാവ് തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കണ്ണിപൊയിൽ റോഡിലെത്തിയപ്പോൾ പുറകിലെ ടയർ പൊട്ടി ബൈക്ക് മറിഞ്ഞ് ഷൈനി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ ഷൈനിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അന്ന് രാത്രിയോടെ സർജറി ചെയ്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.12 ദിവസം വേദനയോട് പൊരുതി ബുധനാഴ്ച രാവിലെ 10.30 ഓടെ ഷൈനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബൈക്ക് ഓടിച്ച ബന്ധുവിൻ്റെ പരിക്ക് സാരമുള്ളതല്ല. അത്തോളി പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഉച്ചയോടെ സംസ്ക്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവ് സിമൻ്റ് കടയിൽ ചുമട്ട് തൊഴിലാളിയായിരുന്നു. ഏക മകൻ അതുൽ ദാസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
Tags:
LOCAL NEWS