Trending

പാരസെറ്റാമോൾ അപകടകാരി; ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയെ തകരാറിലാക്കുമെന്ന് പഠനം


ലണ്ടൻ: വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. കുറഞ്ഞ തോതിലുള്ള പനി മുതല്‍ വേദനയ്ക്ക് വരെ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഉപയോഗം താരതമ്യേന സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും. വേദന സുഖപ്പെടുത്തുന്നതിൽ പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വളരെക്കാലത്തേക്ക് പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് ദഹനനാളത്തിൽ അള്‍സര്‍, രക്തസ്രാവം എന്നിവ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പാരസെറ്റാമോള്‍ അധികമായി ഉപയോഗിക്കുക വഴി പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിനുള്ള (ദഹനനാളത്തിലെ അള്‍സര്‍ മൂലമുള്ള രക്തസ്രാവം) സാധ്യത 24 ശതമാനം മുതല്‍ 36 ശതമാനം വരെയാണ് യുകെയിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. ഇതിന് പുറമെ പാരസെറ്റാമോള്‍ കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗം പിടിപെടാനുള്ള സാധ്യത 19 ശതമാനമാമെന്നും ഹൃദയസ്തംബനം വരാനുള്ള സാധ്യത ഒന്‍പത് ശതമാനമാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു. കൂടാതെ, രക്ത സമ്മര്‍ദത്തിനുള്ള സാധ്യത ഏഴ് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

Post a Comment

Previous Post Next Post