സിംഗപ്പൂർ: 2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 14-ാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ തോൽപ്പിച്ച് കൊണ്ട് യുവ ഇന്ത്യൻ പ്രതിഭയായ ഡി. ഗുകേഷ് ലോക ചാമ്പ്യനായി. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ഇതോടെ 18കാരൻ മാറി. സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെൻ്റോസയിൽ നടന്ന സീരീസിലെ അവസാന മത്സരത്തിൽ ജയിച്ചാണ് ഗുകേഷ് ചരിത്രം കുറിച്ചത്. രണ്ടുപേരും 6.5 പോയിൻ്റ് വീതം നേടി സമനിലയിൽ നിൽക്കുകയയിരുന്നു. ഇന്നത്തെ ജയം ഗുകേഷിനെ ലോക ചാമ്പ്യനാകാനുള്ള 7.5 പോയന്റിലെത്തിച്ചു. മൂന്നു മത്സരങ്ങൾ ആകെ ഗുകേഷ് ജയിച്ചപ്പോൾ ഡിംഗ് ലിറൻ രണ്ടെണ്ണം ജയിച്ചു. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
ഓപ്പണിംഗ് ഗെയിം വിജയിച്ച 32 കാരനായ ചൈനീസ് ഗ്രാൻഡ് മാസ്റ്റർക്ക് പരമ്പരയിലുട നീളം കടുത്ത മത്സരമാണ് ഗുകേഷിൽ നിന്ന് നേരിടേണ്ടി വന്നത്. 11-ാം ഗെയിമിൽ ഗുകേഷ് 6-5ന് ലീഡ് നേടിയ ശേഷം, 12-ാം ഗെയിമിലെ വിജയത്തോടെ ഡിംഗ് തിരിച്ചടിച്ചു. പക്ഷേ അവസാനം ചരിത്രം ഗുകേഷിനൊപ്പം നിന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ഗാരി കാസ്പറോവിൻ്റെ റെക്കോർഡാണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഗുകേഷ് ഇതോടെ തകർത്തത്.
Tags:
SPORTS