Trending

അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം; കല്ലേറിൽ വീടിൻ്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു


ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം. നടന്‍റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കം തല്ലിതകര്‍ത്തു. ഒപ്പം കല്ലുകളും തക്കാളിയുമൊക്കെ വീടിന് നേരെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലാണ്. പ്രതിഷേധക്കാര്‍ വീട് ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ ഗേറ്റ് കടന്നു അകത്തേക്ക് തള്ളിക്കയറിയത്. യുവതിയുടെ കുടുംബത്തിന് പണം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ഡിസംബര്‍ 4ന് ദില്‍ഷുക് നഗറിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് നടനെ വീട്ടിലെത്തി പോലീസ് അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ തെലുഗാന ഹൈക്കോടതി ഇടപെടല്‍ മൂലം താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചുവെങ്കിലും ഒരു രാത്രി ജയിലില്‍ കിടന്നതിന് ശേഷമാണ് അല്ലു അര്‍ജുന്‍ വീട്ടിലെത്തിയത്. സംഭവം നടന്ന തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.

അതേസയമം മരിച്ച യുവതിയുടെ മകന് മസ്‌തിഷ്‌ക മരണവും സംഭവിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ ഒരുക്കാത്തതിന് തിയേറ്റര്‍ ജീവനക്കാര്‍ക്കും അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് പോലീസ് നരഹത്യ കേസ് ചുമത്തിയിട്ടുള്ളത്. അതേസമയം യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു. പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആരോപിച്ചത്. സന്ധ്യ തിയേറ്ററിലുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. പുഷ്‌പ -2 റിലീസിന്‍റെ ഭാഗമായി ചിത്രത്തിലെ നായകനും നായികയും പ്രൊഡക്ഷന്‍ ടീമും തിയേറ്ററില്‍ എത്തുന്നതിന് അനുമതി തേടി സന്ധ്യ തിയേറ്റര്‍ മാനേജ്മെന്‍റ് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു.

ഡിസംബര്‍ മൂന്നിന് തന്നെ പൊലീസ് അപേക്ഷ നിരസിക്കുകയും നായകനോടും നായികയോടും പ്രൊഡക്ഷന്‍ ടീമിനോടും തിയേറ്ററില്‍ എത്തരുതെന്ന് അറിയിക്കുകയും ചെയ്‌തു. പൊലീസിന്‍റെ മുന്നറിയിപ്പ് നിരസിച്ച് രാത്രി 9:30ഓടെ അല്ലു അര്‍ജുന്‍ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡ് ഷോ നടത്തിയാണ് താരം തിയേറ്ററിലേക്ക് എത്തിയത്.

Post a Comment

Previous Post Next Post